ചർച്ചകളിൽ അസ്തമിക്കുന്നതോ സ്ത്രീ സുരക്ഷ?



സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് അറുതി വരുത്താൻ കെൽപ്പുള്ള നിയമങ്ങളും നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. പല നിയമ പരിരക്ഷകളുണ്ടായിട്ടും, എന്തുകൊണ്ടാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ നമ്മുടെ രാജ്യത്ത് സ്ഥിരം സംഭവങ്ങളായി മാറുന്നത്!

 - അമൃത രവീന്ദ്രൻ

    സ്ത്രീ സുരക്ഷ എന്നത് ഇന്ന് സമൂഹം ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ്. എന്നാൽ അത് ചർച്ചകളിൽ മാത്രം ഒതുങ്ങുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ നാട്ടിൽ സ്ത്രീകൾക്കെതിരായി തുടരുന്ന അതിക്രമങ്ങൾ.  കാലകാലങ്ങളായി സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ വലിയ പ്രതിഷേധങ്ങളും നിയമയുദ്ധങ്ങളും നടക്കുന്ന നാടാണിത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് അറുതി വരുത്താൻ കെൽപ്പുള്ള നിയമങ്ങളും നമ്മുടെ രാജ്യത്ത് നിലവിലുണ്ട്.  പല നിയമ പരിരക്ഷകളുണ്ടായിട്ടും, എന്തുകൊണ്ടാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ നമ്മുടെ രാജ്യത്ത് സ്ഥിരം സംഭവങ്ങളായി മാറുന്നത്!

കഴിഞ്ഞ ദിവസം, രാജ്യത്ത് മറ്റൊരു പെൺകുട്ടി കൂടി ക്രൂരമായ പീഡനത്തിനിരയായി മരണപെട്ടു. ഉത്തർപ്രദേശിലെ ഹത്രാസിൽ ഒരു കൂട്ടം സവർണ ജാതിക്കാർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി, ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. യുപിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇങ്ങനെ ബലാത്സംഗത്തിനിരയാവുകയും ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്യുന്ന അഞ്ചാമത്തെ പെൺകുട്ടിയാണിത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2019 ൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച്,  ഇന്ത്യയിൽ പ്രതിദിനം 88 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 32,033 ബലാത്സംഗ കേസുകളിൽ 11 ശതമാനം ദളിത് പെൺകുട്ടികളുമാണ്. രാജ്യം വളർന്നുകൊണ്ടിരിക്കുന്നു എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള  അതിക്രമങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. സ്കൂളിലും, ബസിലും, പൊതുനിരത്തുകളിലും, ജോലിസ്ഥലത്തും, ആൾക്കൂട്ടങ്ങൾക്കിടയിലും,  സ്വന്തം വീട്ടിൽനിന്നു പോലും സ്ത്രീ ശരീരത്തിലേക്കുള്ള കടന്നു കയറ്റങ്ങളും അതിക്രമങ്ങളും വർധിച്ചു വരുന്ന സാഹചര്യമാണ്  ഇന്നത്തേത്. ഇതിൽ വാർത്തയാകാതെ പോകുന്ന കേസുകളും ഉണ്ടാവാം.

ബലാത്സംഗതിനിരയാകുന്നയാൾ കൊല ചെയ്യപ്പെടുമ്പോൾ മാത്രമാണ് പല അക്രമങ്ങളും പുറം ലോകമറിയുന്നതും അവ നിയമത്തിന്റെ മുന്നിലെത്തുന്നതും. മാസങ്ങൾ നീണ്ട പ്രതിഷേധ സമരങ്ങൾക്കും മാധ്യമ ചർച്ചകൾക്കും ശേഷം മറ്റൊരു സംഭവം ആവർത്തിക്കുമ്പോൾ അതിനൊടൊപ്പം കൂട്ടിച്ചേർത്ത് വാർത്തകളും ചർച്ചകളും ഉണ്ടാവുകയും പിന്നീട് എല്ലാം പതിയെ കെട്ടടങ്ങുകയും ചെയ്യും. 



2020ൽ നിന്നും തിരിഞ്ഞു നോക്കുമ്പോൾ നിരവധി കേസുകൾ നമുക്ക് കാണുവാൻ  സാധിക്കും. 1973ൽ നഴ്‌സ് അരുണ ഷാൻബാഗിന്റെ കേസാണ് മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ആദ്യ കേസുകളിലൊന്ന്. ആക്രമണത്തിൽ പരിക്കേറ്റ് അവർ 42 വർഷത്തോളം അബോധാവസ്ഥയിൽ കിടന്നു.  ഇവർക്ക് ദയാവധം അനുവദിച്ചുകിട്ടാൻ വേണ്ടി സുഹൃത്ത് പിങ്കി വിരാനി നടത്തിയ നിയമപോരാട്ടം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. 2015 മെയ് 18 ന് ന്യുമോണിയ ബാധിച്ച് ഷാൻബാഗ് മരണത്തിനു കീഴടങ്ങി.

1992 ൽ ഭാൻവാരി ദേവി കേസ്, കൂട്ടബലാത്സംഗത്തിനിരയായ അവർക്ക് താഴ്ന്നജാതിയെന്ന പേരിലും മറ്റും നീതി നിഷേധിക്കപ്പെട്ടു. ഇതിനെതിരെയും അന്ന് വലിയ പ്രതിഷേധങ്ങളുയർന്നു.  ഇന്ത്യയിലെ സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിന്  ഈ കേസ് ഒരു  നിർണായകമായ വഴിത്തിരവായിരുന്നു.

1972 ലെ മഥുര കേസ്, 1996 ലെ പ്രിയദർശിനി മാറ്റൂ കേസ്, 2005 ലെ ഇമ്രാന കേസ്, 2011ലെ സൗമ്യ കേസ്, 2012-ലെ പാർക്ക് സ്ട്രീറ്റ് ബലാത്സംഗ കേസ്,   2012 ൽ രാജ്യത്തെ  നടുക്കിയ നിർഭയ കേസ്, ഇങ്ങനെ നീളുന്നു ക്രൂരതയുടെ കണക്കുകൾ.

നിർഭയ കേസ് രാജ്യത്തെ നടുക്കിയ ഏറ്റവും  പൈശാചികവും വികലവുമായ ക്രൂരകൃത്യമായിരുന്നു.  ഗുരുതരമായി പരിക്കേറ്റ നിർഭയ സഫ്ദർജങ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടിയിരുന്നു. രാജ്യം ഒന്നാകെ തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ നാളുകളായിരുന്നു അത്. നിർഭയക്ക് ശേഷം സ്ത്രീ സുരക്ഷയും നിയമങ്ങളും എല്ലാം വളരെ ചർച്ച ചെയ്യപ്പെടുകയും ഇത്തരം അതിക്രമങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ശക്തിപെടുത്തുകയും ചെയ്തിരുന്നു.

പക്ഷേ, 2012ൽ നിന്നും 2020ലേക്ക് എത്തി നിൽക്കുമ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു എന്നല്ലാതെ മറ്റൊരു മാറ്റവും നമ്മുടെ രാജ്യത്ത് സംഭവിച്ചിട്ടില്ല. ഈ അടുത്ത കാലത്താണ്  കത്വയിൽ ക്ഷേത്രത്തിനകത്ത് എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയതും  ഉന്നാവോയിൽ ബലാൽസംഗത്തിനിരയായ 23ക്കാരിയെ   അഭിഭാഷകനെ കാണാനുള്ള യാത്രാമധ്യേ പ്രതികളടക്കം അഞ്ച് പേർ ചേർന്ന് പിന്തുടർന്ന് കൊലപ്പെടുത്തിയതും.  ഇങ്ങനെ ഇപ്പോഴും പല രീതികളിൽ  തുടർന്നുകൊണ്ടിരിക്കുകയാണ് സ്ത്രീകൾക്കെതിരെയുള്ള  പീഡനങ്ങളും കൊലപാതകങ്ങളും.

നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും സമൂഹത്തിനുമുന്നിലെത്താതെയും പോകുന്നുണ്ട് എന്നുള്ള വസ്തുതയും നിലനിൽക്കുന്നു. ഭീഷണിയും പേടിയും കാരണം അക്രമണങ്ങൾക്ക് ഇരയാവുന്നവരുടെ കുടുംബങ്ങളും പരാതിപ്പെടാൻ  മടിക്കുന്നു. പരാതിപെട്ടാലും നമ്മുടെ സമൂഹം പ്രതിയേക്കാൾ കൂടുതൽ കളങ്കപ്പെടുത്തുന്നത് അക്രമണത്തിന് ഇരയായവരെയാണ് എന്നത് ഏറ്റവും ഖേദകരമായ കാര്യമാണ്. ജാതിയുടെയും, മതത്തിന്റെയും, പേരിൽ പോലും ഇവർക്ക് നീതിനിഷേധിക്കപ്പെടാറുണ്ട് . 

നിയമങ്ങളുണ്ടായിട്ടും  പലപ്പോഴും പല കേസുകളിലും നീതി ലഭിക്കാതെ പോകുന്ന കാഴ്ച്ചയാണ് ഇന്ന് കാണാൻ  സാധിക്കുന്നത്. മാധ്യമങ്ങളും കോടതിയും വരെ കണ്ണടയ്ക്കുന്ന കേസുകളുമുണ്ട്. ക്രൂരകൃത്യങ്ങൾ വർധിക്കുന്നതിന് ഒരുപരിധി വരെ ഇതും കാരണമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ലൈംഗികാതിക്രമങ്ങളെ വരെ നിസ്സാരമായി കാണുന്ന മനോഭാവം ഇന്ന് നമുക്ക് ചുറ്റും വളർന്നു വരുന്നുണ്ട്. ഇത് കൂടുതൽ അതിക്രമങ്ങൾക്കും വഴിവെക്കും. പീഡനങ്ങൾക്ക് ഇരയാകുന്നവരുടെ പട്ടിക നീളും.

ഇത്തരം അതിക്രമങ്ങൾ കുറയ്ക്കാൻ സമൂഹത്തിന്  ബോധവൽക്കരണം അത്യാവശ്യമാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് , ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നത്, അവരുടെ ശരീരത്തിലേക്കുള്ള അനാവശ്യ കൈകടത്തലുകൾ നടത്തുന്നത്, ഇവയെല്ലാം  തെറ്റാണെന്ന് കുട്ടികളെ പഠിപ്പിക്കണം.

മാതാപിതാക്കളും അദ്ധ്യാപകരും പ്രൈമറി സ്കൂൾ മുതൽ ഇതിനെ കുറിച്ച് കുട്ടികളെ  ബോധവത്കരിക്കണം.  ലൈംഗിക വിദ്യാഭ്യാസം നൽകണം, ലിംഗ സമത്വത്തെ കുറിച്ച് പറഞ്ഞു കൊടുക്കണം.

ലൈംഗിക ചൂഷണങ്ങൾക്കെതിരെയും അതിക്രമങ്ങളോടും പ്രതികരിക്കാനും ശബ്ദമുയർത്താനും കുട്ടികളെ പ്രാപ്തരാക്കണം. അവരെ കുറ്റപ്പെടുത്തുന്നതിനു പകരം ശക്തിപ്പെടുത്തുകയാണ് സമൂഹം ചെയ്യേണ്ടത്. ഇത്തരത്തിൽ സമൂഹത്തെ വാർത്തെടുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. കൂടാതെ ഇന്ത്യയിലെ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ജാതി,മത വിവേചനങ്ങളില്ലാതെ നടപ്പിലാക്കുകയും വേണം.

Comments

  1. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനായി ന്യായമായ ഒരു വിധി വരുന്നതിനായി നമ്മൾ ഒത്തൊരുമിച്ചു പ്രവർത്തിക്കണം

    ReplyDelete

Post a Comment