പ്രതിബിംബങ്ങൾ ഭയപെടുത്തുമ്പോൾ!

- ഹന്ന മർയം

ഭീകരമായ അസഹിഷ്ണുതയുടെ ലോകത്താണ്  നാം ഇന്ന് ജീവിക്കുന്നത്. ദുരഭിമാനത്തിന്റെ പേരിൽ ജീവിതം ഹനിക്കപെടുന്ന, ആൾക്കൂട്ടത്തിൽ കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റെയും മേൽ പതിക്കുന്നത് മനം മടുപ്പിക്കുന്ന അസഹിഷ്ണുതയുടെ വെറുപ്പാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ആഗ്രഹിക്കുന്ന പോലെ കഥകളെഴുതാനും എന്തിനേറെ, സ്വന്തം സ്ഥാപനത്തിന് വേണ്ടി ഒരു പരസ്യം ചെയ്യാൻ പോലും ഇന്ന് നമ്മുടെ രാജ്യത്ത് കഴിയുന്നില്ല. ആവിഷ്കാരസ്വാതന്ത്ര്യവും, മാധ്യമങ്ങളും ഈ അസഹിഷ്ണുതയുടെ ഭീകരതയിൽ ഞെരുങ്ങുകയാണ്.

ഈ അടുത്ത കാലത്താണ് ഒരു പ്രശസ്ത മാധ്യമപ്രവർത്തകക്കെതിരെ വാരാണസി പോലീസ് കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി  "ദത്തെടുത്ത" ഗ്രാമങ്ങളിൽ ഒന്നായ ദൊമാരി ഗ്രാമത്തെ കുറിച്ച് ഒരു റിപ്പോർട്ട്‌ തയ്യാറാക്കിയതിന് 'സ്ക്രോൾ.ഇൻ' എന്ന വാർത്ത പോർട്ടലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ സുപ്രിയ ശർമക്കെതിരെയായിരുന്നു കേസ്. ലോക്ക്ഡൗൺ കാലത്ത് ദൊമാരിയിലെ ദരിദ്ര ദളിത്‌ കുടുംബങ്ങൾ അനുഭവിച്ച കഷ്ടതകളെ പറ്റിയായിരുന്നു സുപ്രിയ റിപ്പോർട്ട് ചെയ്തത്.  "ഇൻ വാരാണസി, വില്ലജ് അഡോപ്റ്റഡ് ബൈ പ്രൈം മിനിസ്റ്റർ മോദി, പീപ്പിൾ വെന്റ് ഹൻഗ്രി" എന്ന തലക്കെട്ടോടെ പുറത്ത് വന്ന റിപ്പോർട്ടിൽ, വീട്ടുജോലി ചെയ്ത് ജീവിച്ചിരുന്ന മാല ദേവി എന്ന സ്ത്രീയുടെ ദുരിതാനുഭവങ്ങൾ വിവരിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് റേഷൻകാർഡ് പോലുമില്ലാതെ അവർ അനുഭവിച്ച കഷ്ടപ്പാടുകളും ഭക്ഷണത്തിനായി തെരുവിൽ യാചിക്കേണ്ടി വന്നതുമെല്ലാമായിരുന്നു റിപ്പോർട്ടിൽ. സുപ്രിയ ശർമയുടെ കുറിപ്പ് പുറത്ത് വന്നതോടെ മോദിയുടെ ദത്തുഗ്രാമത്തിന്റെ ദുരിതമുഖം രാജ്യമെമ്പാടും ചർച്ചയായി. എന്നാൽ തന്റെ ദാരിദ്ര്യത്തെയും ജാതിയെയും ലേഖിക അപമാനിച്ചെന്നാരോപിച്ച്  മാല ദേവി പരാതിപെടുന്നതാണ് പിന്നീട് കണ്ടത്. ഒട്ടും വൈകാതെ തന്നെ പോലീസ് ഇതിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പക്ഷെ 'സ്ക്രോൾ.ഇൻ' തങ്ങളുടെ റിപ്പോർട്ടിൽ  ഉറച്ചുനിന്നു. മാല ദേവി പറഞ്ഞതെല്ലാം തെല്ലും വ്യത്യാസമില്ലാതെയാണ് റിപ്പോർട്ടിൽ ഉദ്ധരിച്ചിരിക്കുന്നത് എന്ന് സുപ്രിയ ശർമ വിശദീകരണവും നൽകി. 

സർക്കാരിനെ വിമർശിച്ചു എന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. 

ഏകദേശം ഒരു വർഷം മുൻപാണ്, പവൻകുമാർ ജയ്‌സ്വാൾ എന്ന 'ജൻസന്ദേശ് ടൈംസിന്റെ' റിപ്പോർട്ടർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയെന്ന പേരിൽ ഉത്തർപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉത്തർപ്രദേശിലെ മിർസാപൂരിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ഉണക്കചപ്പാത്തിയും ഉപ്പും മാത്രമാണ് നൽകുന്നതെന്ന വീഡിയോ റിപ്പോർട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയായിരുന്നു കേസ്. മറ്റൊരു റിപ്പോർട്ടിന്റെ പുറത്ത് ജൻസന്ദേശ് ടൈംസിന്റെ  എഡിറ്റർക്കും റിപ്പോർട്ടർക്കും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും ഈ കഴിഞ്ഞ മാർച്ചിലാണ്‌. ലോക്ക്ഡൗൺ കാലത്ത് മുസഹർ സമുദായക്കാരായ ഗ്രാമീണർ പട്ടിണി മൂലം പുല്ല് തിന്ന് ജീവിക്കേണ്ടിവന്നതിനെപ്പറ്റി  റിപ്പോർട്ട് ചെയ്തതിനായിരുന്നു നോട്ടീസ്.

രണ്ട് വർഷം മുൻപ് ജൂൺ 20ന് നരേന്ദ്ര മോദി, തന്റെ മൊബൈൽ ആപ്പ് വഴി കർഷകരുമായി സംവദിക്കുകയുണ്ടായി.  ഛത്തീസ്ഗഢിലെ ചന്ദ്രമണി കൗശിക് എന്ന സ്ത്രീ തന്റെ കാർഷിക വരുമാനം ഇരട്ടിച്ചതായി ഈ പരിപാടിയിൽ  പറയുകയും, അത് വലിയ വാർത്തയാകുകയും ചെയ്തു.  എന്നാൽ, എ.ബി.പി ന്യൂസിലെ റിപ്പോർട്ടർ സംഘം ആ നാട്ടിൽ ചെന്ന് സത്യാവസ്ഥ അന്വേഷിച്ചപ്പോൾ, അവരെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്ന് കണ്ടെത്തി. ആ റിപ്പോർട്ടിലെ ഒരു വസ്തുതാപരമായ തെറ്റ് ചൂണ്ടികാണിച്ച് എ.ബി.പി ന്യൂസിനെ നിശബ്ദമാക്കാൻ സർക്കാരിന് കഴിഞ്ഞു. പക്ഷെ കർഷകരുടെ ദയനീയാവസ്ഥക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല. എ.ബി.പി ന്യൂസിനെതിരെ സർക്കാർ നിഷ്ക്രിയരായിരുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ. എ.ബി.പി ന്യൂസിന്റെ 'മാസ്റ്റർ സ്ട്രോക്ക്' എന്ന പരിപാടി നടക്കുന്നതിനിടെ ചാനലിന്റെ ഉപഗ്രഹബന്ധം വിഛേദിക്കപെടുകയും, അതുവഴി എ.ബി.പി ന്യൂസിനെ ഗവർണ്മന്റ് നിശബ്ദമാക്കുകയും ചെയ്തു. സർക്കാരിനെതിരെയുള്ള പരിപാടികളിൽ  മോദിയുടെ പേരോ പടമോ കാണിക്കരുതെന്ന് അവതാരകനായ പുണ്യ പ്രസൂൺ ബാജ്‌പേയിക്ക് ചാനൽ അധികൃതരിൽ നിന്ന് നിർദ്ദേശം ലഭിക്കുകയും. അതേ തുടർന്ന് അദ്ദേഹം രാജിവെക്കുകയും ചെയ്തു.

കോവിഡ് 19 പടർന്നു പിടിക്കുകയും രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത ഘട്ടത്തിൽ രാജ്യത്ത് ജനങ്ങൾ നേരിട്ട കൊടും ദുരിതങ്ങൾ റിപ്പോർട്ട് ചെയ്തതിന് ഏകദേശം 55  മാധ്യമപ്രവർത്തകരെങ്കിലും വേട്ടയാടപ്പെട്ടിട്ടുണ്ട് എന്നാണ് ആർ.ആർ.എ.ജി, എന്ന സ്വതന്ത്ര ഏജൻസി പുറത്തുവിട്ട കണക്ക്. റേഷൻ വിതരണത്തിലെ വീഴ്ചകൾ മുതൽ, ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചുകൊണ്ട് ഇഷ്ടികചൂളകൾ പ്രവർത്തിപ്പിച്ചത് തുടങ്ങി ഭരണകൂടത്തിനെതിരേയുള്ള വാർത്തകളിൽ നടപടികളുണ്ടായി.

അതെസമയം പത്തിലേറെ തവണ വ്യാജ വാർത്ത പ്രചരിപ്പിച്ച ബി.ജെ.പി വക്താവ് സാംബിത് പാത്രയെ പോലുള്ളവർ നിർബാധം വിഹരിക്കുകയും ചെയുന്നു.  സർക്കാരിന് വേണ്ടി നുണപ്രചരണം നടത്താം എന്നാൽ സത്യങ്ങൾ അത് സർക്കാരിന് എതിരെ ഉള്ളതാണെങ്കിൽ മിണ്ടരുത് ഈ നിലയിലാണ് മോദി സർക്കാരിന്റെ മാധ്യമനയങ്ങൾ.

മാധ്യമങ്ങൾ നുണകൾക്ക് നേരെ തിരിച്ചുവച്ച കണ്ണാടി
യാണ്. ആ കണ്ണാടിയെ ഭയക്കുന്നവർക്ക് ഇഷ്ടം വ്യാജവാർത്ത വ്യവസായസത്തോടായിരിക്കുമല്ലോ!

Comments